
അഴുക്കുചാലിനു സമീപം പെൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരനിൽ നിന്നും ഗർഭിണിയായ പതിനാറുകാരി ഗർഭം അലസിപ്പിച്ച ശേഷം ഭ്രൂണം അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാനുള്ള ഗുളിക അയച്ചുകൊടുത്തതും പതിനേഴുകാരനായിരുന്നു.
സൂറത്തിലെ അഴുക്കുചാലിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഭ്രൂണം ആദ്യം കണ്ടത്. സിഗരറ്റു പാക്കറ്റുകളും ബലൂണിന്റെ കവറുകളും നിറഞ്ഞ സ്ഥലത്ത് വട്ടമിട്ടു പറന്ന പക്ഷികളെ തുരത്താനായി കല്ലെടുത്തെറിയുന്നതിനിടെയാണ് കുട്ടികൾ നിലത്ത് മാംസം പോലെ എന്തോ ഒന്ന് കിടക്കുന്നതായി കണ്ടത്. ഒരു ശരീരമാണെന്ന് മനസ്സിലാക്കിയ അവർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തിയുള്ള അന്വേഷണത്തിൽ ഭ്രൂണം ഒരു പെൺകുഞ്ഞിന്റേതാണെന്ന് മനസ്സിലാക്കി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജനുവരി ഒൻപതിന് സൂറത്തിലെ അപേക്ഷാനഗറിലാണ് സംഭവം. സംഭവത്തിന് പിറകിലാരെന്ന പൊലീസിന്റെ അന്വേഷണമാണ് കുട്ടികളിലേക്കെത്തിയത്.
ഭ്രൂണഹത്യ നടത്തിയതിൽ ഉത്തരവാദിത്വമില്ലെന്ന് ആദ്യം പെൺകുട്ടിയും അമ്മയും നിഷേധിച്ചു. തുടർന്ന് പതിനാറുകാരിയെ മെഡിക്കൽ പരിശോധന നടത്തിയതിലൂടെയാണ് സത്യം തെളിഞ്ഞത്. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെ അന്വേഷണം സുഹൃത്തായ പതിനേഴുകാരനിലെത്തി. തങ്ങൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് സുഹൃത്തുക്കളായതെന്നും ശാരീരിക ബന്ധം നടന്നിരുന്നതായും പെൺകുട്ടി മൊഴിനൽകി. ജനുവരി മൂന്നിനുശേഷം പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ലെന്ന കാര്യവും പോലീസ് മനസ്സിലാക്കി.











